പട്ടേപ്പാടം.കോം (ദേശീയ, അന്തർദേശീയ)



...

ഇന്ത്യ കുതിക്കുന്നു, സ്ത്രീകൾ മുന്നേറുന്നു, ആഗോള സ്വീകാര്യത ഉയരുന്നു: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി

ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ദില്ലി: ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നുവെന്നും ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ പൗരന്മാർക്ക് സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന അവർ വൈദേശിക ആധിപത്യത്തെ ചെറുത്ത് തോൽപ്പിച്ച ദിനമാണ് സ്വാതന്ത്ര്യ ദിനമെന്നും പ്രസംഗത്തിൽ പറഞ്ഞു.
സ്കൂൾ പഠന കാലത്തെ തന്റെ ഓർമ്മകൾ ഓർത്തെടുത്തായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം. 1947 ഓഗസ്റ്റ് 15 ഇന്ത്യക്ക് പുതിയ സൂര്യോദയമായിരുന്നുവെന്ന് അവർ പറഞ്ഞു. സ്വാതന്ത്ര്യത്തിന് പോരാടിയ എല്ലാവരെയും ഓർക്കുകയാണ്. രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെയും ഓർക്കുകയാണ്. സ്ത്രീകളുടെ മുന്നേറ്റമാണ് രാജ്യത്ത് കാണുന്നത്. സ്ത്രീ ശാക്തീകരമാണ് രാജ്യത്തിന് ആവശ്യം. ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ ലഭിക്കുന്ന സ്വീകാര്യത വലുതാണ്. അന്താരാഷ്ട്ര വേദികൾക്ക് നമ്മൾ അതിഥേയത്വം വഹിക്കുന്നു. ജി 20 ഉച്ചകോടി വ്യാപാര രംഗത്തടക്കം രാജ്യത്തിന് പുതിയ വഴിതുറക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യ ലോകത്തിലെ മൂന്നാമത്ത സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണെന്ന് അവർ ചൂണ്ടിക്കാട്ടി. ചാന്ദ്രയാൻ മൂന്ന് ഇന്ത്യ വിക്ഷേപിച്ചത് രാജ്യത്തിന്റെ നേട്ടമായി പ്രസംഗത്തിൽ പ്രതിപാദിച്ച രാഷ്ട്രപതി ദൗത്യം വിജയത്തിലേക്ക് അടുക്കുന്നുവെന്ന സന്തോഷവും പങ്കുവച്ചു.

Last updated on 14 Aug 2023

...

കേരളത്തിലെ സാധാരണക്കാരെ സർക്കാർ ഇരുമ്പ് കൂടം കൊണ്ട് അടിക്കുന്നു'; സർക്കാരിനെതിരെ സതീശൻ

കേന്ദ്ര - സംസ്ഥാന സർക്കാരുകളെ ജനകീയ കോടതിയിൽ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്ന് വി ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
കോട്ടയം: സർക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ സാധാരണക്കാരെ ഇരുമ്പ് കൂടം കൊണ്ട് അടിക്കുകയാണ് സർക്കാരെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളെ ജനകീയ കോടതിയിൽ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മൻചാണ്ടിയുടെ പേര് ആർക്കും മായ്ക്കാൻ ആവില്ലെന്നും മുഴുവൻ വികസനത്തേയും ഫ്രീസറിൽ വെച്ച സർക്കാരിനോട് എന്ത് വികസനമാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ജീവിച്ചിരിക്കുന്ന ഉമ്മൻ‌ചാണ്ടിയെക്കാൾ കരുത്തനാണ് മരിച്ച ഉമ്മൻ‌ചാണ്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു. അത് ഇരട്ട ചങ്കിന്റെ കരുത്തല്ലെന്ന് പറഞ്ഞ വേണുഗോപാല്‍, മരിച്ചിട്ടും ഉമ്മൻ‌ചാണ്ടിയെ സിപിഎം വേട്ടയാടുന്നുവെന്നും കുറ്റപ്പെടുത്തി. കേരളത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് സിപിഎം. എന്ത് വികസനമാണ് സിപിഎം കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളി പൊതുതെരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനലാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Last updated on 14 Aug 2023



Copyright © Patteapadam.com